മനാമ: ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. പതിനൊന്നു വയസ്സുകാരിയായ തമന്ന രണ്ടുമൂന്നു വർഷമായി മുടി കാര്യമായി വെട്ടാതെ നിർത്തുകയായിരുന്നു. മാതാപിതാക്കളോടൊപ്പം അദ്ലിയയിലെ ബഹ്റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് തമ്മന്ന മുടി ഔദ്യോഗികമായി കൈമാറിയത്. കോട്ടയം സ്വദേശികളായ മനേഷ് കുമാറിന്റെയും തുഷാരയുടെയും മകളാണ് തമന്ന. സഹോദരി തമേഷ യു.കെ.ജി വിദ്യാർത്ഥിനിയാണ്. കുടുംബം ഇപ്പോൾ ജുഫൈറിൽ താമസിക്കുന്നു.
രോഗം നിമിത്തം മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കാൻസർ രോഗികൾക്ക് വേണ്ടിയാണ് മുടി ദാനം ചെയ്യുന്നത്. കീമോതെറാപ്പിക്ക് വിധേയരായ വ്യക്തികൾക്ക് വിഗ്ഗുകൾ നിർമ്മിക്കാൻ ഈ മുടി ഉപയോഗിക്കും. ചെറുപ്പത്തിൽ തന്നെ ഇത്തരം കാരുണ്യ പ്രവർത്തികളെക്കുറിച്ച് മകൾ മനസ്സിലാക്കിയതിൽ അഭിമാനമുണ്ടെന്നു തമന്നയുടെ മാതാപിതാക്കൾ പറഞ്ഞു. സമാനമായ ശ്രേഷ്ഠമായ കർമ്മങ്ങളിൽ പതിവായി ഏർപ്പെടുന്ന മറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നു പിതാവ് പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വിആർ പളനിസ്വാമി എന്നിവർ തമന്നയുടെ ശ്രദ്ധേയമായ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.