മനാമ: ബഹ്റൈനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പുതുതായി 98 ആരോഗ്യ സ്ഥാപനങ്ങൾക്കും 38 ഫാർമസികൾക്കും അനുമതി നൽകിയതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. 2021നെ അപേക്ഷിച്ച് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 10.7 ശതമാനം വർധന കഴിഞ്ഞ വർഷമുണ്ടായി. ആശുപത്രികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും ഇക്കാലയളവിൽ സാധിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ 256 നിയമ ലംഘനം പരിഹരിച്ചു. ചികിത്സ പിഴവുമായി ബന്ധപ്പെട്ട 61 പരാതികളിൽ നടപടി കൈക്കൊണ്ടതായും 2022ലെ പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയിൽ 3846 പുതിയ പ്രഫഷനലുകൾക്ക് അംഗീകാരം നൽകുകയും 12840 ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു. രാജ്യത്ത് മൊത്തം 920 ആരോഗ്യ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 797 ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. 2022 അവസാനത്തിൽ രാജ്യത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നേടിയവരുടെ എണ്ണം 20475 ആയി ഉയർന്നു. പുതിയ മരുന്നുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള 5878 പഠനങ്ങൾ നടന്നു. മൊത്തം 177 പുതിയ മരുന്നുകൾക്കാണ് പോയ വർഷം അംഗീകാരം നൽകിയത്. നിലവിൽ ബഹ്റൈനിൽ രജിസ്റ്റർ ചെയ്ത മരുന്നുകൾ 3683 ഇനങ്ങളാണ്.
2021നേക്കാൾ ഫാർമസികളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവുണ്ടായി. മൊത്തം 411 ഫാർമസികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. 2021ൽ 240 ലക്ഷം ദിനാറായിരുന്നു അതോറിറ്റിയുടെ വരുമാനമെങ്കിൽ 2022ൽ 260 ദശലക്ഷം ദിനാറായി വർധിച്ചു.