തിരുവനന്തപുരം: പി. എസ്. സി പരീക്ഷക്കെത്തിയ കൊവിഡ് ബാധിതനോട് പരീക്ഷാ സെന്ററായ സ്കൂൾ അധികൃതർ അപമര്യാദയായി പെരുമാറിയതായി പരാതി. ഇന്നലെ നടന്ന എസ്. സി ഡെവലപ്മെന്റ് ഓഫിസർ പരീക്ഷയ്ക്കായി തിരുവനന്തപുരം എസ്. എം. വി സ്കൂളിലെത്തിയ വർക്കല സ്വദേശിയായ ഉദ്യോഗാർത്ഥിക്കാണ് ദുരനുഭവം ഉണ്ടായത്. കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം നേരത്തേ തന്നെ പി. എസ്. സിയെ ഇമെയിൽ മുഖേനയും ഫോണിലും അറിയിച്ചിരുന്നു. ആവശ്യമായ സൗകര്യം ഒരുക്കാമെന്ന് പി. എസ്. സി അധികൃതർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരീക്ഷാ സെന്ററിലും മുൻകൂട്ടി വിവരം അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്കൂളിൽ എത്തിയപ്പോൾ സ്കൂൾ പ്രിൻസിപ്പാൾ ഇവിടെ പറ്റില്ല എന്നു പറഞ്ഞു ആക്രോശിച്ചുവെന്നാണ് പരാതി.
പിന്നീട് സ്കൂളിലുണ്ടായിരുന്ന പി. എസ്.സി ഉദ്യോഗസ്ഥൻ അനുനയിപ്പിച്ചു ക്ലാസ് മുറി സജ്ജമാക്കിയെങ്കിലും, സ്കൂൾ അധികൃതർ വായു സഞ്ചാരവും വെളിച്ചവും വൃത്തിയുമില്ലാത്ത ഒരു മുറിയാണ് നൽകിയതെന്ന് ഉദ്യോഗാർത്ഥി പറയുന്നു. ഇവിടെ ഇരുന്ന് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ഉദ്യോഗാർത്ഥി നിലപാട് എടുത്തതോടെ അരമണിക്കൂർ വൈകി മറ്റൊരു ക്ലാസ് മുറി അനുവദിക്കുകയായിരുന്നു. കൊവിഡ് ബാധിതർക്ക് ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ തന്നെ കൗൺസിലിങ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കി മുന്നോട്ട് പോകുമ്പോഴാണ് പി. എസ്. സി പരീക്ഷക്കെത്തിയ ഉദ്യോഗാർഥിക്കു തന്നെ ദുരനുഭവം ഉണ്ടായിരിക്കുന്നത്. സ്കൂൾ അധികൃതർക്കെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് ഉദ്യോഗാർഥി പറയുന്നു.
