തിരുവനന്തപുരം: സിക വൈറസ് വ്യാപനം തടയുന്നതിനായി മെഡിക്കല്‍ കോളേജിലെ വൈറോളജി റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ( വി ആര് ഡി എല്‍) സജ്ജമായി. ചൊവ്വാഴ്ച മുതല്‍ സാമ്പിള്‍ പരിശോധനകള്‍ ആരംഭിച്ചു. ഐസിഎംആര്‍ നേതൃത്വത്തില്‍ നടത്തിയ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചശേഷമാണ് പരിശോധനകള്‍ ആരംഭിച്ചത്. 1000 പരിശോധനാകിറ്റുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മാത്രം 15 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചയും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ലഭിച്ച സാമ്പിളുകളിലെ പരിശോധനകളാണ് നടന്നത്. അതില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച എട്ടു സാമ്പിളുകളും പരിശോധിച്ചു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലബോറട്ടറിയില്‍ മാത്രമാണ് നിലവില്‍ പരിശോധനകളുള്ളത്. അതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം സാമ്പിളുകള്‍ ലഭിക്കുന്നുണ്ട്.
മൈക്രോബയോളജി വിഭാഗത്തിലെ ഡോ മഞ്ജുശ്രീയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. പനിയും ത്വക്കിലുണ്ടാകുന്ന തടിപ്പും സിക രോഗത്തിന്റെ പ്രധാന ലക്ഷണമായതിനാല്‍ അത്തരം രോഗികളെയെല്ലാം പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. അമ്മമാരില്‍ നിന്നും കുഞ്ഞുങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുമെന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഗര്‍ഭിണികളിലും പരിശോധന ഉറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിക രോഗം തുടക്കത്തില്‍ തന്നെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശക്തമായി നടപ്പാക്കിവരുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സാമ്പിള്‍ പരിശോധനകളും ദൈനംദിനം വിലയിരുത്തി അവശ്യം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്.
