തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ഷെങ്ഹുവാ ചരക്കുകപ്പൽ സിംഗപ്പൂർ പിന്നിട്ടതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ. കപ്പൽ സിംഗപ്പൂരിലെത്തിയതിന്റെ വീഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്. സിംഗപ്പൂരിൽ നിന്ന് ഒരു മലയാളി സുഹൃത്ത് അയച്ചു തന്ന വീഡിയോ എന്ന് വ്യക്തമാക്കിയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കേരളത്തിൻ്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയിൽനിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ഷെങ്ഹുവാ ചരക്കു കപ്പലിൻ്റെ സഞ്ചാരപഥത്തെ കൗതുകപൂർവ്വം പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂർ പിന്നിട്ട ഷെങ്ഹുവായെ കുറിച്ച് യാത്രാമധ്യേ സിംഗപ്പൂരിലെത്തിയ ഒരു മലയാളി സുഹൃത്ത് അയച്ചുതന്ന വീഡിയോ ഇവിടെ പങ്കുവെക്കുന്നു. 2023 ഒക്ടോബർ 4 ന് മലയാളി കാത്തിരിക്കുകയാണ്.. മന്ത്രി വീഡിയോക്കൊപ്പം കുറിച്ചു.
ഒക്ടോബർ നാലിന് ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം നടന്ന വാർത്താ സാമ്മേളനത്തിൽ അറിയിച്ചിരുന്നു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ചൈനയിൽ നിന്ന് ചർക്കുകപ്പൽ എത്തുന്നത്. അന്നേദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 28ന് രണ്ടാമത്തേതും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളും എത്തും.
തുറമുഖത്തിൽ പുലിമുട്ടിന്റെ മുക്കാൽ ഭാഗവും നിർമ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി ഒക്ടോബർ 20ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പുറത്തുവിടും.