കോഴിക്കോട്: അൽഫാം നൽകാൻ വെെകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. കുറച്ച് യുവാക്കൾ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവർക്കെതിരെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. പ്രതികൾ ജീവനക്കാരെ മർദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതിയ്ക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് കെെമാറിയിട്ടുണ്ട്.
ഇന്നലെ രാത്രി ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ അഞ്ച് മിനിട്ടിനുള്ളിൽ അൽഫാം വേണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ 15മിനിട്ട് എടുക്കുമെന്ന് ജീവനക്കാർ മറുപടി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും ഇരുവരും തമ്മിൽ വക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നാലെ ഇവർ ജീവനക്കാരെ ഹോട്ടലിന് പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേർക്കും സംഭവത്തിൽ പരിക്കേറ്റു. പരാതിയിൽ കേസെടുത്ത് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.