
തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്റോൺമെന്റ് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ പരാതിക്കാരിക്ക് നൽകിയത്.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്.അസിസ്റ്റന്റ് കമ്മീഷണർ അജയനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സജീദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കന്റോൺമെന്റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്ഐമാരായ സന്ദീപ്, പ്രജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


