
ആലപ്പുഴ: താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. താമല്ലാക്കൽ കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്.
കേസിലെ മറ്റു പ്രതികളായ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി (21) ചികിത്സയിലാണ്.
ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ പ്രിയ, സിപിഒമാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
