ചേർപ്പ് (തൃശൂർ): സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹർ (32) ആൾക്കൂട്ട മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയവേയാണ് ഇവരെ പോലീസ് പിടികൂടിയത്. ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ നാളെ വൈകുന്നേരത്തോടെ തൃശൂരിൽ എത്തിക്കുമെന്നാണ് വിവരം.
ഫെബ്രുവരി 18നാണ് ചിറക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വച്ച് സഹറിനെ എട്ടംഗ സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സഹറിന്റെ വാരിയെല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനും പരിക്കുണ്ടായിരുന്നു. വൃക്കകളും അനുബന്ധ ആന്തരിക അവയവങ്ങളും തകരാറിലായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 7ന് മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇവർ ഒളിവിൽ പോകാൻ കാരണം പോലീസിന്റെ അനാസ്ഥയാണെന്ന വിമർശനം ശക്തമായിരുന്നു.
പെൺസുഹൃത്തിനെ കാണാനെത്തിയ സഹറിനെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. മുഖത്ത് അടിച്ചുകൊണ്ടാണ് മർദ്ദനം തുടങ്ങിയത്. പുലർച്ചെ മൂന്ന് മണിവരെ ഇയാളെ പിടിച്ചുവച്ചു. തുടർന്ന് എങ്ങനെയോ വീട്ടിലെത്തിയ സഹർ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഷംസുദ്ദീന്റെയും സുഹറയുടെയും മകനാണ് സഹർ.