തിരുവനന്തപുരം: റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ഇന്ത്യൻ റെയിൽവേ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി നാളെ (29.09.2021) ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ യുവജന ധർണ്ണ സംഘടിപ്പിക്കും. നവലിബറൽ സാമ്പത്തിക നയങ്ങൾ ആരംഭിച്ചതിന് ശേഷം 30 വർഷത്തിനിടയിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിൽക്കുകയാണ്. രാജ്യം മുഴുവൻ കോവിഡ് 19 മഹാമാരിയ്ക്കെതിരെ പൊരുതുമ്പോൾ അണിയറയിൽ റെയിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ഇന്ത്യയിലെ സാധാരണക്കാരുടെ ദീർഘദൂര യാത്രാവാഹനമാണ് ഇന്ത്യൻ റെയിൽവെ. പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവെയെ ആശ്രയിക്കുന്നത്. അതിൽ 75 ശതമാനവും സാധാരണക്കാരാണ്. ഇന്ത്യൻ റെയിൽവെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടമാവുക. യാത്ര ചെലവേറിയതാവുകയും ചെയ്യും. ഇന്ധനവില എണ്ണക്കമ്പനികൾ നിശ്ചയിക്കുന്നതുപോലെ യാത്രാനിരക്കും സ്വകാര്യകമ്പനികൾ നിശ്ചയിക്കുന്ന കാലം വിദൂരമല്ല. ക്യാൻസർ രോഗികൾക്കും വയോജനങ്ങൾക്കും നൽകിവരുന്ന ഇളവും ഇതോടൊപ്പം ഇല്ലാതെയാകും.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം സമരകേന്ദ്രമായ തിരുവനന്തപുരം റെയിൽവെഡിവിഷൻ ഓഫീസിനുമുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന സമരം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലും കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.കെ.സനോജ് കണ്ണൂർ റെയിൽവെ സ്റ്റേഷനിലും കെ.യു.ജനീഷ്കുമാർ പത്തനംതിട്ട തിരുവല്ലയിലും എം.വിജിൻ കാസർഗോഡും ചിന്ത ജെറോം കൊല്ലം റെയിൽവെ സ്റ്റേഷനിലും ഗ്രീഷ്മ അജയ്ഘോഷ് തൃശൂരിലും സമരത്തിൽ പങ്കെടുക്കും.
