സുൽത്താൻ ബത്തേരി: വയനാട് സന്ദർശനത്തിനെത്തിയ മന്ത്രി സംഘത്തിനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി ചുങ്കത്താണ് മന്ത്രിമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സമയം മാറിനിന്ന രണ്ടു പേരാണ് പൊലീസിന്റെ കണ്ണു വെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ പ്രതിഷേധിച്ചത്.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാനും പ്രത്യേക യോഗം ചേരുന്നതിനുമാണ് എ. കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവർ ബത്തേരിയിൽ എത്തിയത്. മന്ത്രിമാർ സന്ദർശനം നടത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇന്നു രാവിലെയാണ് മാന്ത്രിമാർ ബത്തേരിയിലെത്തിയത്. സർവകക്ഷി യോഗം ഉൾപ്പെടെ വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിനുശേഷം മന്ത്രിമാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും.