തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്കെതിരെയും തിരിഞ്ഞ് പ്രവർത്തകർ. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന് തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കുതർക്കമുണ്ടായി. പലതവണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ പിൻമാറിയില്ല. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പലതവണ ഏറ്റുമുട്ടി.
മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലങ്ങളുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. നേരത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകരും വാഴയിൽ മുഹമ്മദ് റിയാസിന്റെ മുഖം വെച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ കോലം കത്തിച്ചു.
ഇതിന് ശേഷമാണ് ബാരിക്കേഡ് തള്ളി മുന്നോട്ട് പോകാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റാൻ ശ്രമമുണ്ടായത്. ഇത് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചു.