
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ എത്തിക്കാനുള്ളതായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
എംഡിഎംഎ വില്‍പ്പനയിലെ കണ്ണികളില്‍ പ്രധാനിയാണ് സിറാജ്. ഇയാള്‍ മുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ജയിലില്‍ പത്തുമാസം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയത്.
