മനാമ: കൊറോണ വൈറസ് പാൻഡെമികിന് ശേഷം ഈ വർഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ‘യുവർ ടാലന്റ് അറ്റ് ഹോം’ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി വേദിയൊരുങ്ങുന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ പ്രഥമ ഡെപ്യൂട്ടി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഫൈനലുകൾ ശനിയാഴ്ച നടക്കും.
വൈറസ് കാരണം ഗ്രൂപ്പ് ഇവന്റുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ ബഹ്റൈൻ യുവാക്കളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. അഭിനയം, ആലാപനം, ഷോകൾ, മാജിക്, സ്ട്രമ്മിംഗ്, പെയിന്റിംഗ്, അക്രോബാറ്റിക്സ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഈ പരിപാടി.
16 വയസ്സിന് മുകളിലുള്ളവർ, 15 വയസിന് താഴെയുള്ളവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്. വിജയികൾക്കായി 60,000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. സീനിയേഴ്സിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20,000 ഡോളറും, റണ്ണർഅപ്പിന് 10,000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 5,000 ഡോളറുമാണ് സമ്മാനം ലഭിക്കുക. ജൂനിയേഴ്സ് വിഭാഗത്തിലെ വിജയിക്ക് 15,000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 5,000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 3,000 ഡോളറും ലഭിക്കും.