
മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച സമ്മർ ക്യാമ്പ് 2025ൻ്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ നിറപ്പകിട്ടാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് കുരുന്നുകൾ.
മാതാപിതാക്കൾ, സുഹൃത്തുക്കൾ, അതിഥികൾ, ഇന്ത്യൻ ക്ലബ് അംഗങ്ങൾ എന്നിവരെല്ലാം കുഞ്ഞടങ്ങളുടെ കലാപ്രകടനങ്ങൾക്ക് സാക്ഷികളായി. ആറാഴ്ചകൾ നീണ്ടുനിന്ന സമ്മർ ക്യാമ്പിൻ്റെ സമാപനച്ചടങ്ങ് ഓഗസ്റ്റ് 15നാണ് നടന്നത്. അവിസ്മരണീയമായ ഒരു രാത്രി കുട്ടികൾ സദസ്സിന് സമ്മാനിച്ചു.


4 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചത്. യോഗ, കലാപ്രവർത്തനങ്ങൾ, കരകൗശലവസ്തുക്കളുടെ നിർമ്മാണം, സംഗീതം, നൃത്തം, കരാട്ടെ, ബാഡ്മിന്റൺ, ക്രിക്കറ്റ്, സ്പോർട്സ് ദിനം തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. മിക്ക പരിപാടികളും ഇന്ത്യൻ ക്ലബ്ബിലാണ് നടന്നത്. അതിനു പുറമെ ആഴ്ചതോറുമുള്ള നീന്തൽ യാത്രകളും ചില സ്ഥല സന്ദർശനങ്ങളും ഉണ്ടായിരുന്നു.





