തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്ന് കൊടുത്തതിന് പിന്നാലെ തിരുവനന്തപുരം മാനവീയം വീഥിയില്‍ കൂട്ടത്തല്ല്. പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍, പൂന്തുറ സ്വദേശിയായ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാന്‍ സാധിച്ചു. മര്‍ദനമേറ്റ യുവാവിനെയും അക്രമികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.