കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന്, അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായർ (22) ആണ് മരിച്ചത്. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കഴിഞ്ഞ 18-ന് ആണ് സംഭവം. മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽ നിന്നും ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ ഷവർമ കഴിച്ചതിന് പിന്നാലെ യുവാവ് അവശനിലയിലായെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്. എന്നാൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചിരുന്നു. ഹോട്ടൽ ഉടമയ്ക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.