ബ്യൂണസ് ഐറിസ്: ലയണൽ മെസിക്ക് പിന്നാലെ ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയയും. 2024ലെ കോപ്പ അമേരിക്ക വരെ അദ്ദേഹം അർജന്റീന ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ലയണൽ മെസിയും കളി നിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ അർജന്റീനയുടെ കിരീടവിജയത്തിനു ശേഷമാണ് സീനിയർ താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റീനയുടെ വിജയം. ഫൈനലിൽ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന കിരീടം ഉയർത്തിയത്.
2008ൽ അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഡിമരിയ ഇതുവരെ 129 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പരിക്കുകൾ താരത്തെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഫൈനലിൽ നിർണായക പങ്കുവഹിച്ച എയ്ഞ്ചൽ ഡി മരിയ ലയണൽ മെസിക്കൊപ്പം കിരീടം ഉയർത്തി.