ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം തികക്കാനൊരുങ്ങി യോഗി ആദിത്യനാഥ്. ബിജെപിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉത്തര്‍പ്രദേശ് ഭരിക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡാണ് ആദിത്യനാഥിനെ കാത്തിരിക്കുന്നത്. 2017 മാര്‍ച്ച് 19നാണ് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഉത്തര്‍പ്രദേശിന്റെ 21-ാമത് മുഖ്യമന്ത്രിയാണ് 47കാരനായ ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ നാലാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. കല്യാണ്‍ സിംഗ്, റാം പ്രകാശ് ഗുപ്ത, രാജ്നാഥ് സിംഗ് എന്നിവരാണ് ആദിത്യനാഥിന് മുന്‍പ് ബിജെപിയില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ളത്.
കല്യാണ്‍ സിംഗ് രണ്ട് തവണ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 1991 ജൂണ്‍ 24 മുതല്‍ 1992 ഡിസംബര്‍ 6 വരെയും 1997 സെപ്റ്റംബര്‍ 21 മുതല്‍ 1999 നവംബര്‍ 12 വരെയുമാണ് അദ്ദേഹം യുപി ഭരിച്ചത്. 1999 നവംബര്‍ 12 മുതല്‍ 2000 ഒക്ടോബര്‍ 28 വരെയായിരുന്നു റാം പ്രകാശ് ഗുപ്തയുടെ ഭരണകാലഘട്ടം. 2000 ഒക്ടോബര്‍ 28 മുതല്‍ 2002 മാര്‍ച്ച് 8 വരെയാണ് രാജ്നാഥ് സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.