തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് മറ്റന്നാളോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.അതേസമയം, തലസ്ഥാനത്ത് ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശമുണ്ടായി. വെള്ളായണിയിലും, പോത്തൻകോടു, കഴക്കൂട്ടത്തുമൊക്കെ നിരവധി വീടുകളിലും റോഡുകളിലുമൊക്കെ വെള്ളം കയറി. വേളി മാധവപുരത്ത് വീട് ഇടിഞ്ഞുവീണു. വേങ്ങാനൂരിൽ വീടിന് പുറത്ത് മണ്ണിടിഞ്ഞ് വീണു.
ടെക്നോപാർക്കിലും, കോസ്മോ ആശുപത്രിയിലും വെള്ളക്കെട്ടുണ്ടായി. പോത്തൻകോട് മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ വെള്ളം കയറി. ഇതുമൂലം തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകിയേ പുറപ്പെടുകയുള്ളൂ. പന്ത്രണ്ടരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് ഏഴരയ്ക്കാണ് പുറപ്പെടുക. പള്ളിച്ചലിൽ തോട് കരകവിഞ്ഞ് പതിനേഴ് വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു.
കൺട്രോൾ റൂമുകൾ തുറന്നു
തലസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരം: 0471 2462006, 9497711282, നെയ്യാറ്റിൻകര: 04712222227