എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ അടുത്തയാഴ്ച മുതല്‍ എക്സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ചാറ്റ് ജിപിടി, ബാര്‍ഡ് പോലുള്ള മോഡലുകളോട് കിടപിടിക്കും വിധമാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍, ഓപ്പണ്‍ എഐ, ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാരാണ് ഗ്രോക്ക് നിര്‍മിച്ചത്. പക്ഷപാതമില്ലാതെ തത്സമയ വിവരങ്ങളും വാര്‍ത്തകളും നല്കാന് ഗ്രോക്കിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തമാശയും ആക്ഷേപഹാസ്യവും കലര്‍ന്ന പ്രതികരണങ്ങള്‍ നടത്താനും ഗ്രോക്കിന് പരിശീലനം നല്‍കിയിട്ടുണ്ട്.
എക്സിലും വെബ്ബിലും ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്രോക്കിന് ചിത്രങ്ങളും ശബ്ദവും തിരിച്ചറിയാനാവും. ഈ സംവിധാനങ്ങള്‍ ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനില്‍ നേരത്തെ തന്നെ ലഭ്യമാണ്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നാണ് എക്സ് കണക്കുകൂട്ടുന്നത്. നിലവില്‍ മൂന്ന് തരം പ്രീമിയം സബ്സ്ക്രിപ്ഷനുകളാണുള്ളത്. ബേസിക് സബ്സ്ക്രിപ്ഷനില്‍ പരസ്യങ്ങള്‍ ഉണ്ടാവും എന്നാല്‍ ട്വീറ്റ് എഡിറ്റ് ഫീച്ചര്‍ പോലുള്ള സൗകര്യങ്ങള്‍ ലഭിക്കും. പകുതിയോളം പരസ്യങ്ങള്‍ ഒഴിവാക്കിയാണ് എക്സ് പ്രീമിയം പ്ലാന്‍ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച എക്സ് പ്രീമിയം പ്ലസ് വരിക്കാളുടെ അക്കൗണ്ടില്‍ പരസ്യങ്ങളൊന്നും തന്നെ ഉണ്ടാവില്ല. ഒപ്പം ഒരു ക്രിയേറ്റര്‍ ഹബ്ബും ലഭിക്കും.