
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ കണ്ടെത്തിയ ഭൂമി സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.
സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കാമെന്നും എന്നാല്‍ മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തീര്‍പ്പാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ എസ്റ്റേറ്റ് ഉടമകള്‍ക്കു നല്‍കണം.
നഷ്ടപരിഹാരം കുറഞ്ഞെന്നു തോന്നിയാല്‍ ഹര്‍ജിക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സര്‍ക്കാരിന് എസ്റ്റേറ്റുകള്‍ സൗകര്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വിഷയം ഇനിയും കോടതി കയറാന്‍ സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളുമായി ഒരു കരാറുണ്ടാക്കണമെന്നും ഭൂമി ഹര്‍ജിക്കാരുടേതല്ലെന്നു തെളിഞ്ഞാല്‍ നല്കിയ പണം തിരികെ കിട്ടാനുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
