
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നടത്താനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്ന് അംഗീകാരം നല്‍കിയത്. ദുരിതബാധിതര്‍ക്ക് വീടു വെച്ചു നല്‍കുന്നതുള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചവരുമായാണ് ചര്‍ച്ച. പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഇവരോടു വിശദീകരിക്കും. സഹായവാഗ്ദാനം നല്‍കിയിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും പങ്കെടുക്കും. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നല്കി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
