തൃശൂർ: സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാദമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായി. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റെയും സരസ്വതിയുടെയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്കൂൾ, നാട്ടിക എസ്.എൻ. കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർത്ഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ (ഗൾഫ്).
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം