ആഗോള തലത്തില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണ സംഖ്യ 8,000 കഴിഞ്ഞു. ആകെ 8,272 ആളുകളാണ് കോവിഡ് ബാധയേറ്റു മരിച്ചത്. നിലവില്‍ 206,965 പേര്‍ക്കാണ് വൈറസ് ബാധയേറ്റതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
82,889 പേര് കോവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പുതിയതായി 13 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 3,237 പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഇറ്റലിയില്‍ മരണ സംഖ്യ 2,500 പിന്നിട്ടു. അതേസമയം, ഇറാനില്‍ 1,135 ആളുകളാണ് കോവിഡ് ബാധയേറ്റു മരിച്ചത്.
സ്പെയിനിലും കോവിഡ് ആശങ്ക പരത്തുകയാണ്. ഇതുവരെ 14,000ത്തോളം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതിയതായി 90 മരണങ്ങളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 550ലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയില്‍ പുതിയതായി 7 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ മരണ സംഖ്യ 100 കഴിഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ 151 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. പുതിയതായി 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആഗോളതലത്തില്‍ 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 255 പേരും ഇറാനിലാണ്.