മനാമ: ഭക്ഷണപ്രിയർക്ക് ആവേശമായി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘വേൾഡ് ഫുഡ് 22’ ആരംഭിച്ചു. ലോകത്തെ വിവിധ ദേശങ്ങളിൽനിന്നുള്ള രുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷ്യോത്സവം ഒരുക്കുന്നത്. ലുലുവിലെ ഷെഫുമാർ തയാറാക്കുന്ന ലോകത്തിലെ പ്രശസ്തമായ വിഭവങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. കഴിഞ്ഞദിവസം ദാനാ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല ഭക്ഷ്യോത്സവം ഉദ്ഘാടനം ചെയ്തു. മേളയെ പിന്തുണക്കുന്ന വിവിധ ബ്രാൻഡ് പ്രതിനിധികളും പങ്കെടുത്തു. പ്രഭാത ഭക്ഷണം മുതൽ സമുദ്ര വിഭവങ്ങൾ, മാംസം എന്നിവയും മേളയിൽ ലഭിക്കും. മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഫുഡ് വെഞ്ച്വറിൽ വിവിധ പസിലുകളും കുടുംബങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ടുവരെ ഷോപ്പിങ് നടത്തുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 250 ഫൂഡീ വിന്നർമാർക്ക് വാങ്ങിയ മുഴുവൻ സാധനങ്ങളുടെയും തുക വൗച്ചറുകളായി ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് ഷോപ്പിങ് നടത്താവുന്നതാണ്. ഭക്ഷ്യമേള മാർച്ച് എട്ട് വരെ തുടരും. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച രുചികളും വിഭവങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഭക്ഷ്യമേളയുടെ ലക്ഷ്യമെന്ന് ജുസെർ രൂപവാല പറഞ്ഞു.
