
തിരുവനന്തപുരം: ലോക ചാംപ്യന്മാര് തിരുവനന്തപുരത്തേക്ക്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഡിസംബറില്‍ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ഡിസംബര്‍ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങള്‍. പരമ്പരയില്‍ ആകെ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ രണ്ട് മത്സരം വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ജയത്തിന് ശേഷം ആദ്യ പരമ്പരയാണിത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു.
അതേസമയം, വിരമിച്ച കളിക്കാരുടെ ടി20 ലീഗായ ലെജന്‍ഡ്സ് ലീഗ് കേരളത്തിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്തുമെന്ന് ലെജന്‍ഡ്സ് ലീഗ് സ്ഥാപകന്‍ രമണ്‍ രഹേജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ കൊച്ചി അടക്കം ഏഴ് നഗരങ്ങളിലായിട്ടായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.
കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ശ്രമിക്കുന്നതെന്നും നെഹ്റു സ്റ്റേഡിയം ലഭിച്ചില്ലെങ്കില്‍ അടുത്തുള്ള ചെറിയ സ്റ്റേഡിയങ്ങള്‍ മത്സര സജ്ജമാക്കുമെന്നും രമണ്‍ രഹേജ പറഞ്ഞു. ഒമാനിലും ശ്രീനഗറിലും അങ്ങനെയാണ് മത്സരങ്ങള്‍ നടത്തിയത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ലെജന്‍ഡ്സ് ലീഗ് മത്സരങ്ങള്‍ക്കായി ആദ്യം പരിഗണിച്ചത്.
എന്നാല്‍ ജനുവരിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 മത്സരത്തിന് വേദിയാവുന്നതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്നാണ് മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തില്‍ മത്സരം സംഘടിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും രമണ്‍ രഹേജ വ്യക്തമാക്കി.
നെഹ്റു സ്റ്റേഡിയമില്ലെങ്കില്‍ മത്സരങ്ങള്‍ എവിടെ?
ജനുവരിയില്‍ കലൂര്‍ നെഹ്റു സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ലഭ്യമായില്ലെങ്കില്‍ കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ട്, കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ട്, അങ്കമാലി ഫിസാറ്റ് ഗ്രൗണ്ട് എന്നിവയും മത്സരങ്ങള്‍ക്കായി പരിഗണിക്കും. വിമാനത്താവളത്തിന് അടുത്താണെന്നതും മികച്ച ഔട്ട് ഫീല്‍ഡ് ഉണ്ടെന്നതും കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടിന് അനുകൂല ഘടകങ്ങളാണ്.


