മലപ്പുറം: തിരുനാവായയിലെ ഇലക്ട്രിക് വർക്ഷോപ്പിൽ, നന്നാക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി നീങ്ങിയ ലോറിക്കും തെങ്ങിനും ഇടയിൽ പെട്ട് ജീവനക്കാരനായ യുവാവ് മരിച്ചു. പുറത്തൂർ എടക്കനാട് പുളിയക്കാവിൽ പ്രകാശന്റെ മകൻ ആകാശ്(18) ആണ് മരിച്ചത്. യുവാവ് ജോലിയിൽ കയറിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. തിരുനാവായ കിരണം പെട്രോൾ പമ്പിന് സമീപത്തെ വർക്ഷോപ്പിലായിരുന്നു സംഭവം. പുറത്ത് തെങ്ങിന് സമീപം നിന്ന് ജോലി ചെയ്യുകയായിരുന്ന ആകാശിനെ മുന്നോട്ടുനീങ്ങിയ ലോറി ചെന്നിടിക്കുകയായിരുന്നു. ലോറിക്കും തെങ്ങിനും ഇടയിൽപെട്ട യുവാവിനെ ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയ്ക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.


