മനാമ: വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരള (WORKA)യുടെ പ്രഥമ ഇന്നസെൻറ്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
നീണ്ട 25 വർഷക്കാലം, അനുകരണ കലയിലൂടെ, അരങ്ങിലും അണിയറയിലും ഇന്നസെന്റിനൊപ്പം, നിഴലും നിലാവും പോലെ ഉണ്ടായിരുന്ന കലാഭവൻ ജോഷിക്കാണ് ഇന്നസെൻറ് പ്രഥമ പുരസ്കാരം.
മിമിക്രിയിലൂടെ പുതുതലമുറയുടെ, വേറിട്ട വികാരമായി മാറിയ മഹേഷ് കുഞ്ഞുമോനാണ് മാമുക്കോയ പുരസ്കാരം സമ്മാനിക്കുന്നത്. ഒരുലക്ഷം രൂപയും,ശില്പവും, പ്രശസ്തിപത്രവുമാണ് അവാർഡ്.
രമേഷ് പിഷാരടിയും,കലാഭവൻ ഷാജോണും വിനോദ് കോവൂരും ടിനി ടോമുമായിരുന്നു ജൂറി അംഗങ്ങൾ എന്ന് വാർത്ത സമ്മേളനത്തിൽ വോർക്ക പ്രസിഡണ്ട് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി ജോജി വർക്കി, സ്റ്റാർവിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം കൺവീനർ ജിബി അലക്സ് എന്നിവർ പറഞ്ഞു.
അവാർഡുകൾ ഈ വരുന്ന എട്ടാം തീയതി വ്യാഴാഴ്ച,വൈകിട്ട് 7. 30ന് ,ടൂബ്ലി മർമ്മറീസ്ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പരിപാടി മനോഹരമാക്കാൻ, ജി വേണുഗോപാൽ നയിക്കുന്ന സമ്മർ ഇൻ ബഹറിൻ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ജി.വേണുഗോപാൽ, പ്രകാശ് സാരംഗി, കനകപ്രിയ എന്നിവരും മലയാള സിനിമ രംഗത്തെ പ്രമുഖനായ ഷാജു ശ്രീധർ, കലാഭവൻ ജോഷി , മഹേഷ് കുഞ്ഞുമോൻ പ്രേമൻ അരീക്കോട്, സാജൻ പള്ളുരുത്തി എന്നിവർ നയിക്കുന്ന നിരവധി പരിപാടികളും ഉണ്ടായിരിക്കും. എക്സിക്യൂട്ടീവ് ഡിന്നറോടുകൂടി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന്, പ്രവേശന പാസ്സ് നിർബന്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ മോഹനൻ, ഐസക്, ബൈജു, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ, വിഷ്ണു, സീറോ മലബാർ സൊസൈറ്റിയുടെ നിയുക്ത പ്രസിഡണ്ട് ഷാജൻ, കുടുംബ സൗഹൃദ വേദി പ്രസിഡണ്ട് ജേക്കബ്, ഇരിഞ്ഞാലക്കുട, സംഗമം പ്രസിഡണ്ട് ഗണേഷ്, നിരവധി സാമൂഹ്യ മേഖലയിലെ നേതാക്കളും, വോർക്ക ഭാരവാഹികളും പങ്കെടുത്തു.