ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നത് ഇന്ത്യൻ സ്ത്രീകളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും, എല്ലാ തടസ്സങ്ങളും നീക്കി ബിൽ ഉടൻ നടപ്പാക്കണമെന്നും ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് സോണിയ ഗാന്ധി പറഞ്ഞു. ബില്ലിൽ എസ് സി / എസ് ടി, ഒബിസി ഉപസംവരണം വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ ഭർത്താവും അന്തരിച്ച മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയാണ് വനിതാ സംവരണ ബിൽ ആദ്യമായി കൊണ്ടുവന്നതെന്നും സോണിയ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
“ഇത് എന്റെ ജീവിതത്തിലെ വൈകാരിക മുഹൂർത്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ആദ്യമായി കൊണ്ടുവന്നത് എന്റെ ജീവിത പങ്കാളിയായ രാജീവ് ഗാന്ധിയാണ്. അത് രാജ്യസഭയിൽ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പിന്നീട്, പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രാജ്യസഭയിൽ ഇത് പാസാക്കി. തൽഫലമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 15 ലക്ഷം വനിതാ നേതാക്കളുണ്ട്. ഈ ബിൽ പാസാകുന്നതോടെ രാജീവ് ഗാന്ധിയുടെ സ്വപ്നം പൂർത്തിയാകും.”- സോണിയ ഗാന്ധി പറഞ്ഞു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധീനം’ എന്ന് പേരിട്ടിരിക്കുന്ന ബിൽ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിർദ്ദേശിക്കുന്നു.