
മനാമ: ബഹ്റൈനില്‍ മാധ്യമ മേഖലയില്‍ ഒരു വനിതാ കമ്മിറ്റി രൂപീകരിക്കാന്‍ ഹമദ് രാജാവിന്റെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി തീരുമാനം 2025 (6) പുറപ്പെടുവിച്ചു.
ബഹ്റൈന്റെ നേട്ടങ്ങളും ബഹ്റൈന്‍ സ്ത്രീകളുടെ പുരോഗതിയും ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന വര്‍ധിച്ചുവരുന്ന പങ്കിനുള്ള അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്ന, ബഹ്റൈന്‍ സ്ത്രീകളുടെ പുരോഗതിക്കായുള്ള ദേശീയ പദ്ധതി 2025- 2026 അവതരിപ്പിക്കാന്‍
എസ്.ഡബ്ല്യു.സി. കഴിഞ്ഞ ഏപ്രിലില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.
മാധ്യമങ്ങളില്‍ ബഹ്റൈന്‍ സ്ത്രീകളുടെ പദവി പരിശോധിക്കുക, ദേശീയ വികസനത്തില്‍ പങ്കാളികളെന്ന നിലയില്‍ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുക, മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക, സ്ത്രീകളെക്കുറിച്ചുള്ള മികച്ച മാധ്യമ ചിത്രീകരണങ്ങള്‍ വര്‍ധിപ്പിക്കുക, നേതൃത്വത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും വനിതാ മാധ്യമപ്രവര്‍ത്തകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍.
ടെലിവിഷന്‍ പരിപാടികള്‍, നാടകം, ഓഡിയോ, പ്രിന്റ്- വിഷ്വല്‍- സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എന്നിവയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമ ഉള്ളടക്കം കമ്മിറ്റി വിശകലനം ചെയ്യുകയും ആവശ്യാനുസരണം ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. കൂടാതെ പ്രാദേശിക, അന്തര്‍ദേശീയ മാധ്യമങ്ങളിലെ വിജയഗാഥകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ബഹ്റൈനി സ്ത്രീകളുടെ പോസിറ്റീവ് ഇമേജും സംഭാവനകളും ഉയര്‍ത്തിക്കാട്ടാനും കമ്മിറ്റി ലക്ഷ്യമിടുന്നു.
