തിരുവനന്തപുരം : വനിതകള്‍ക്ക് ഒറ്റയ്ക്കോ കൂട്ടമായോ വിനോദ യാത്രകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കെഎസ്ആര്‍ടിസി. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നു മുതല്‍ 13 വരെ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി ബസുകള്‍ പലപല വിനോദ കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ഒരുക്കുന്നു. മണ്‍റോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റി വനിതാ ജീവനക്കാര്‍ക്കായി നടത്തുന്ന ട്രിപ്പാണ് ആദ്യമായി നടത്തുന്നത്.
വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പിന്റെ ഫ്ളാഗ് ഓഫ് സെന്‍ട്രല്‍ യൂണിറ്റില്‍ നവകേരള മിഷന് കോഓര്‍ഡിനേറ്റര്‍ ടി.എന്‍.സീമ രാവിലെ 6.30 ന് നിര്‍വഹിക്കും.

കോട്ടയത്ത് മലയാള മനോരമയുമായി സഹകരിച്ച്, കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികള്‍ക്കായി വാഗമണ്ണിലേക്ക് സ്നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 100 വനിതകള്‍ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി വണ്ടര്‍ലായുമായി സഹകരിച്ച് 20 ട്രിപ്പുകളും നടത്തും.
