
പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി മാല കവർന്ന സ്ത്രീ പിടിയിൽ. ഇടത്തിട്ട സ്വദേശി ഉഷയെയാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായാധിക്യത്തെ തുടർന്ന് കാഴ്ചപരിമിതി നേരിടുന്ന 84കാരിയുടെ തലയിൽ തുണിയിട്ട ശേഷം മൂന്നര പവന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചന്ദനപ്പള്ളി സ്വദേശി സേവ്യറും ഭാര്യ മറിയാമ്മയും വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിലെ മറ്റുള്ളവർ പള്ളിയിൽ പോയ സമയത്ത് ഉഷ വീട്ടിലെത്തുകയായിരുന്നു. മുമ്പ് ഇവർ ഇവിടെ ജോലി ചെയ്തിരുന്നു. ഞായറാഴ്ച പുലർച്ചെ സേവ്യറും മറിയാമ്മയും വീട്ടിൽ തനിച്ചായിരിക്കുമെന്ന് മുൻകൂട്ടി മനസിലാക്കി നടത്തിയ മോഷണമാണെന്നാണ് വിലയിരുത്തൽ. രക്ഷപ്പെടുന്നതിനിടയിൽ ഉഷ മറിയാമ്മയെ തള്ളി താഴെയിടുകയും ചെയ്തു.
സമീപവാസിയായ പെൺകുട്ടിയുടെ മൊഴിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. രാവിലെ ഉഷ വീട്ടിലേക്കെത്തുന്നത് പെൺകുട്ടി കണ്ടിരുന്നു. മുമ്പ് ജോലിചെയ്തിരുന്ന ഉഷയെ തിരിച്ചറിഞ്ഞ പെൺകുട്ടി പോലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്തി. പോലീസ് ആദ്യം ഉഷയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുവീട്ടിൽ നിന്നാണ് ഉഷയെ പിടികൂടിയത്. ഇവരിൽ നിന്ന് തൊണ്ടിമുതലായ മാലയും കണ്ടെടുത്തു.
