ചണ്ഡീഗഢ്: ഹരിയാനയിലെ ഗുല മണ്ഡലത്തിലെ ഭട്യ ഗ്രാമത്തിൽ പ്രളയ സാഹചര്യം വിലയിരുത്താനെത്തിയ എം എൽ എയുടെ മുഖത്തടിച്ച് സ്ത്രീ. ജനനായക് ജനതാ പാർട്ടി (ജെ ജെ പി) എം എൽ എ ഈശ്വർ സിംഗിനാണ് ഇന്നലെ അടികിട്ടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഭാട്ടി ഗ്രാമത്തിലെ ഗാഗർ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. തുടർന്ന് ഇവിടെയെത്തിയ എം എൽ എയെ കണ്ട് പ്രകോപിതയായ സ്ത്രീ ഇപ്പോൾ എന്തിനാണ് വന്നതെന്ന് ചോദിച്ച് മുഖത്തടിക്കുകയായിരുന്നു. കൂടാതെ അവിടെയുണ്ടായിരുന്ന ജനങ്ങൾ എം എൽ എയെ ആക്രമിക്കാനും ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പാെലീസിനെയും വീഡിയോയിൽ കാണാം.
അണക്കെട്ട് പൊട്ടിയതിനെത്തുടർന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത് എന്നാൽ എം എൽ എ ശ്രമിച്ചിരുന്നെങ്കിൽ അണക്കെട്ട് തകരില്ലായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. അവിടെയുള്ളവരോട് കനത്ത മഴയെതുടർന്നാണ് വെള്ളം കയറി അണക്കെട്ട് പൊട്ടിയതെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിംഗ് വ്യക്തമാക്കി. മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും എം എൽ എ അറിയിച്ചു.