കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഐസിയുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഇരയുടെ പരാതി പിൻവലിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ ജീവനക്കാർ ഒളിവിലാണ്. ഈ ജീവനക്കാർക്കെതിരെ മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ചംഗ സമിതി ഇന്ന് പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയാണ് പീഡനത്തിനിരയായത്. ഗ്രേഡ് വൺ അറ്റൻഡറായ ശശീന്ദ്രനെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്ന് തെളിവെടുപ്പിന്റെ ഭാഗമായാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് മെഡിക്കൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
സംഭവം നടന്ന ദിവസം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പടെ വീണ്ടെടുക്കേണ്ടതുണ്ട്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശശീന്ദ്രൻ മാത്രമാണ് പ്രതിയെങ്കിലും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ കേസിൽ ആറ് ജീവനക്കാർ പ്രതികളാണ്. ഇവർക്കെതിരെ കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നത്.