തിരുവനന്തപുരം: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനു മുന്നിലെ റോഡില്‍ വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മായം അല്‍ഫോണ്‍സ മാതാ കടവ് റോഡില്‍ ഈരൂരിക്കല്‍ വീട്ടില്‍ രാജിമോളാണ്(38) കൊല്ലപ്പെട്ടത്.
കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുന്‍ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ് രാജിമോള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്.
കൊലപാതകത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ച ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനോജ് സെബാസ്റ്റ്യനെ(മനു-50) നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. ദാമ്പത്യത്തകര്ച്ചയെത്തുടര്ന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടില്‍ ഒറ്റയ്ക്കുമാണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ കുടുംബക്കാര് തമ്മില്‍ അനുരഞ്ജനശ്രമങ്ങള്‍ നടത്തിയെങ്കിലും പിണക്കം മാറ്റാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് അയല്‍വാസികളായ മനോജ് സെബാസ്റ്റ്യനും രാജിയും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതരായത്. മനോജ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ബാര്‍ ജീവനക്കാരനാണ്. അമ്പൂരിയില്‍ മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി.
മായം കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സതേടിയശേഷം മടങ്ങുമ്പോഴാണ് വീടിനു മുന്നിലെ റോഡില്‍ വെച്ച് രാജിയെ കൊലപ്പെടുത്തിയത്. ഈ സമയം പിന്നാലെയെത്തിയ മനോജ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലുമായി കുത്തുകയായിരുന്നു. ഇതിനിടയില്‍ കുടകൊണ്ട് രാജി തടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആക്രമണത്തില്‍ റോഡില്‍ വീണ രാജിയെ വീണ്ടും ഇയാള്‍ ആക്രമിച്ചു. പിടിവലിക്കിടയില്‍ മനോജിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
ഉച്ചസമയമായതിനാല്‍ റോഡില്‍ ആരുമുണ്ടായിരുന്നില്ല. ആ സമയം അതുവഴി മായത്തേക്കുവന്ന കാട്ടാക്കട ഡിപ്പോയിലെ ബസിലെ ഡ്രൈവറും യാത്രക്കാരുമാണ് ദേഹമാസകലം രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജിയെ കണ്ടതെന്ന് പോലീസ് പറഞ്ഞു.
ഇതിനിടയില്‍ വീട്ടിലെ പൈപ്പില്‍നിന്നു രക്തക്കറ കഴുകിയ മനോജ് അകത്തുകയറിയിരുന്നു. നാട്ടുകാരെത്തി രാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് പോലീസെത്തിയാണ് വീട്ടില്‍നിന്ന് മനോജിനെ പിടികൂടിയത്. കൈയില്‍ മുറിവേറ്റ മനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.
നെയ്യാര്‍ഡാം സി.ഐ. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും െഫാറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കര്‍ണാടകയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ ആഷ്ലി സെബാസ്റ്റ്യനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനുമാണ് ഇവര്‍ക്കുള്ളത്.