തൃശൂര്‍: നടന് ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകന് ബാലചന്ദ്രകുമാര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നെന്ന ആരോപണവുമായി യുവതി. തൃശൂര്‍ സ്വദേശിനിയായ യുവതി ഒരു യുട്യൂബ് ചാനലിലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.
പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ബാലചന്ദ്രകുമാർ തെറ്റിന്റെ കൂമ്പാരമാണെന്നും നടിക്ക് നീതികിട്ടണം എന്നതല്ല അയാളുടെ ആവശ്യമെന്നും യുവതി പറഞ്ഞു. ഇയാളുടെ കൈയിൽ പെൻകാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിച്ചു. ഇതിനെതിരെ താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണെന്നും യുവതി പറഞ്ഞു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ടെന്നും യുവതി പറയുന്നു. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരേ ആരോപണമുന്നയിച്ചതോടെയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ശ്രദ്ധേയനാകുന്നത്. ഇതിനെ തുടര്‍ന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
