തിരുവനന്തപുരം: തിരുവനന്തപുരം മൂലവിളാകത്ത് സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്കൂട്ടർ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രി ട്രയൽ റൺ നടത്തുന്നത്
മൂലവിളാകത്ത് രാത്രി നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് യാതൊരു വിവരവുമില്ല. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അക്രമി സഞ്ചരിച്ച സ്കൂട്ടർ ഏത് കമ്പനിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അക്രമിയുടെ മുഖം വ്യക്തമല്ല. ഡിയോ സ്കൂട്ടറാണെന്നും വെള്ളയോ നീലയോ നിറത്തിലാകാമെന്നും അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സംഭവസമയത്ത് രാത്രിയിൽ വിവിധ സ്കൂട്ടറുകൾ എത്തിച്ച് ട്രയൽ റൺ നടത്തുന്നത്.
വ്യക്തമായ സി.സി.ടി.വികൾക്ക് മുന്നിൽ അക്രമി സഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ദൃശ്യങ്ങൾ പരിശോധിക്കാൻ സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും പോലീസുമായി സഹകരിക്കും. സമാന രീതിയിലാണ് എ.കെ.ജി സെന്റർ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് കണ്ടെത്തിയത്.