തൃശൂർ: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തു. കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിഷയെ (43) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാത്രിയിലായിരുന്നു വിനോദ് കൊല്ലപ്പെട്ടത്. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ നെഞ്ചിൽ കൊണ്ടതായിരുന്നു മരണ കാരണമെന്നാണ് നിഷ പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.
പൊലീസ് പറയുന്നത്: കൂലിപ്പണിക്കാരനായിരുന്നു വിനോദ്. നിഷ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയും. ഏറെ സമയം ഫോണിൽ സംസാരിക്കുന്ന സ്വഭാവമായിരുന്നു നിഷയുടേത്. എന്നാൽ വിനോദ് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംഭവദിവസം വിനോദ് ജോലികഴിഞ്ഞെത്തിയപ്പോൾ നിഷ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരിൽ വഴക്കിട്ട വിനോദ് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഫോൺ നൽകാൻ തയ്യാറാവാതിരുന്ന നിഷയുടെ കൈ വിനോദ് പിടിച്ചു തിരിച്ചു. ഇതാേടെ കലിപൂണ്ട നിഷ അടുണ്ടായിരുന്ന കത്തിയെടുത്ത് വിനോദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. രക്തം ഒലിക്കുന്നത് കണ്ട് ഭയപ്പെട്ട നിഷ മുറിവ് അമർത്തിപ്പിടിക്കാൻ ശ്രമിച്ചു. ഇതാേടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നുവീഴുകയും ചെയ്തു. ഇതിനിടെ തൊട്ടടുത്തുതന്നെ താമസിക്കുന്ന വിനോദിന്റെ അമ്മ വീട്ടിലെത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെടാത്തതിനാൽ അവർ മടങ്ങിപ്പോയി.
അല്പസമയം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് ഒരുവാഹനം വിളിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ വിനോദ് മരിച്ചു. പിടിവലിക്കിടെ വീണപ്പോൾ എന്തോ നെഞ്ചിൽ കുത്തിക്കയറി പരിക്കേറ്റെന്നാണ് നിഷ പറഞ്ഞിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയപ്പോഴാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്. അയൽവാസികളോട് അന്വേഷിച്ചപ്പോൾ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നും വ്യക്തമായി.
മരണാനന്തര ചടങ്ങുകൾക്കുശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ തുടക്കത്തിൽ ആദ്യം പറഞ്ഞത് ആവർത്തിച്ച് പിടിച്ചുനിൽക്കാൻ നിഷ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെളിവെടുപ്പിനെത്തിച്ചപ്പോൾ കുത്തിയ രീതിയെല്ലാം പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി കഴുകി വൃത്തിയാക്കിയ കത്തിയും വിനോദിന്റെ രക്തം പുരണ്ട വസ്ത്രഭാഗങ്ങളും കണ്ടെടുത്തു.ഈ വസ്ത്രങ്ങൾ കത്തിച്ചുകളയാനും നിഷ ശ്രമിച്ചിരുന്നു. നപടികൾ പൂർത്തിയായശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.