മനാമ: വേൾഡ് മലയാളി കൗൺസിൽ 13ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് അമാദ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക് ഇന്ത്യൻ അംബാസഡർ, വിശിഷ്ടാതിഥി വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ ആക്ടിങ് വൈസ് ചെയർപേഴ്സൻ ഡോ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ബയനിയൽ കോൺഫറൻസ് ജനറൽ കൺവീനർ എബ്രഹാം സാമുവൽ സ്വാഗതം പറഞ്ഞു. 40ൽപരം രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പ്രതിനിധികൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ഷീന ചന്ദ്രദാസ്, ഡൈനാമിക് ആർട്സ് സെന്റർ, ഓറ ആർട്സ് സെന്റർ എന്നിവർ അവതരിപ്പിച്ച നൃത്തപരിപാടി, സോപാനം വാദ്യകലാസംഘം അവതരിപ്പിച്ച പഞ്ചാരി മേളം, ബഹ്റൈനി കലാകാരന്മാർ അവതരിപ്പിച്ച തനതു നൃത്തസംഗീത പരിപാടി, നൗറീൻ ഫാഷൻസ് അവതരിപ്പിച്ച എത്നിക് ഫാഷൻ ഷോ എന്നിവ ശ്രദ്ധേയമായി.
ഗ്ലോബൽ കോൺഫറൻസിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് കണ്ണു ബക്കറിന്റെ നേതൃത്വത്തിൽ യൂത്ത് സെമിനാർ, ഡോ. പി.വി. ചെറിയാന്റെ നേതൃത്വത്തിൽ വിവിധ ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ മെഡിക്കൽ സെമിനാർ എന്നിവ നടന്നു. വൈകീട്ട് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജനൽ, പ്രോവിൻസ് തലങ്ങളിലുള്ള കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ പ്രശംസ പിടിച്ചു പറ്റി.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ ബിസിനസ് സെമിനാർ, 11 മുതൽ ഒന്നുവരെ വിദ്യാഭ്യാസ സെമിനാർ, 12 മുതൽ 1.30 വരെ വുമൺ ഫോറം എന്നിവ നടക്കും. വൈകീട്ട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമാപന സമ്മേളനത്തിനു ശേഷം രമേഷ് പിഷാരടി, ബിജു നാരായണൻ, അനിത ഷെയ്ഖ്, സുനീഷ് വരനാട് എന്നിവരുടെ നേതൃത്വത്തിൽ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. പരിപാടികൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.