തിരുവനന്തപുരം: സിനിമാ വ്യവസയാത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിനിമയെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്തി. ഇതുസംബന്ധിച്ച് കെപിസിസി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന് അറിയിച്ചു. സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം സഭയില്‍ മുകേഷ് എംഎല്‍എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
നടന് ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിലെ സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം മുകേഷ് എംഎല്‍എ വിഷയം സഭയില്‍ ഉന്നയിച്ചത്. ജോജു പ്രതിഷേധിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണ്.
ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു. യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നകയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.