ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പുരി ശങ്കരാചാര്യർ. പ്രതിഷ്ഠ ആചാര വിധിപ്രകാരം വേണമെന്നും പ്രതിമ അനാച്ഛാദന ചടങ്ങല്ല നടക്കുന്നതെന്നും പുരി ശങ്കരാചാര്യർ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മറ്റു ശങ്കരാചാര്യന്മാരും രംഗത്തെത്തിയിരുന്നു. രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാരോ പുരോഹിതരോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ പറഞ്ഞിരുന്നു.
നാല് ശങ്കരാചാര്യന്മാർ കൈക്കൊണ്ട തീരുമാനത്തെ മോദി വിരുദ്ധത ആയി കണക്കാക്കേണ്ടതില്ലെന്നും അവർ “ശാസ്ത്രവിരുദ്ധർ” ആകാൻ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ജ്യോതിർ മഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യരും വ്യക്തമാക്കി.ചടങ്ങിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പോ വിദ്വേഷമോ കൊണ്ടല്ല, മറിച്ച് ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയായതുകൊണ്ടാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുന്നു. ക്ഷേത്രം അപൂർണ്ണമായിരിക്കെയാണ് പ്രാണ പ്രതിഷ്ഠ നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. “ഇത് പറഞ്ഞാൽ ഞങ്ങളെ ‘മോദി വിരുദ്ധർ’ എന്ന് വിളിക്കും. ഇവിടെ എന്താണ് മോദി വിരുദ്ധതയെന്നും അദ്ദേഹം ചോദിച്ചു.