
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂര്‍ ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന നേതൃക്യാംപില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് രാഹുലും ഖാര്‍ഗെയും ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പല വിവാദങ്ങള്‍ക്കും കാരണമെന്നും, തന്റെ പ്രസ്താവന പൂര്‍ണമായി മനസിലാക്കാതെ മറ്റ് നേതാക്കള്‍ പ്രതികരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളെ അറിയിക്കുകയും തരൂരിനെ പ്രകോപിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.


