ന്യൂഡല്‍ഹി: അയോധ്യയില്‍ 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും അരവിന്ദ് കെജരിവാള്‍. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഒരു ദിവസം താന്‍ കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും കെജരിവാള്‍ പറഞ്ഞു.
”എനിക്ക് രാം മന്ദിര്‍ സന്ദര്‍ശിക്കാന്‍ ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും ഒപ്പം പോകണം. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങള്‍ പോകും, ” ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെജരിവാള്‍ പറഞ്ഞു. നേരത്തേ കോണ്‍ഗ്രസും തൃണമൂലും സിപിഎമ്മും ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് ഒരു കത്ത് ലഭിച്ചതായും ഞങ്ങള്‍ അവരെ വിളിച്ചപ്പോള്‍ ചടങ്ങില്‍ ക്ഷണിക്കാന്‍ ഒരു സംഘം വരുമെന്ന് അറിയിച്ചതായും എന്നാല്‍ ഇതുവരെ ആരും നേരിട്ടെത്തി ക്ഷണിച്ചിട്ടില്ലെന്നും കെജരിവാള്‍ പറഞ്ഞു.
ജനുവരി 22-ന് മറ്റുപരിപാടികള്‍ ഒഴിവാക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്താണ് കെജരിവാളിന് ലഭിച്ചത്. ക്ഷണക്കത്ത് അനുസരിച്ച് ഒരാള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂവെന്നും ഇത്രയധികം വിവിഐപികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ കെജരിവാളിന്റെ ആദ്യ പ്രതികരമാണിത്.