
കൊല്‍ക്കത്ത: ഇന്ത്യൻ കുപ്പായത്തില്‍ വീണ്ടും മുഹമ്മദ് ഷമിയെ കാണാനാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗില്‍ ഷമി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണെന്ന സൂചന നല്‍കിയത്.
മുഹമ്മദ് ഷമിയുടെ നിലവാരമുള്ള അധികം ബൗളര്‍മാരൊന്നും നമുക്കില്ല. പക്ഷെ അതേസമയം, ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്ന ബൗളര്‍മാരുടെ കാര്യവും നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ഇന്ത്യക്കായി അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഷമി ഭായിയെപ്പോലുള്ളവരുടെ അസാന്നിധ്യം വലിയ നഷ്ടമാണെങ്കില്‍ പോലും നമുക്ക് ഭാവിയിലേക്ക് കൂടി നോക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിദേശ പരമ്പരകളില്‍ എന്നായിരുന്നു ഗില്ലിന്റെ മറുപടി.
മുഹമ്മദ് ഷമി ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിലുണ്ടോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു ഗില്ലിന്റെ മറുപടി.ഫിറ്റ്നെസിന്റെയും സെലക്ഷന്റെയുമെല്ലാം കാര്യത്തില്‍ന് സെലക്ടര്‍മാര്‍ക്കാകും ഉത്തരം പറയാനാകുക എന്നും ഗില്‍ പിന്നീട് വ്യക്തമാക്കി. അക്സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയുംപോലുള്ള നിലവാരമുള്ള ഓള് റൗണ്ടര്‍മാരുടെ സാന്നിധ്യം ടീമിന്റെ ഭാഗ്യമാണെന്നും ഗില്‍ പറഞ്ഞു. ഓള് റൗണ്ര്മാര്ക്കെല്ലാം ഇന്ത്യൻ സാഹചര്യങ്ങളില്‍ മികച്ച ബാറ്റിംഗ് ബൗളിംഗ് റെക്കോര്‍ഡുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരില്‍ ആരെ ഒഴിവാക്കുമെന്നത് വലിയ പ്രതിസന്ധിയാണെന്നും ഗില്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ജേതാക്കളായ ദക്ഷിണാഫ്രിക്ക കരുത്തുറ്റ ടീമാണെന്നും പാകിസ്ഥാനെതിരായ ടെസ്റ്റില്‍ ജയിച്ച് ഏഷ്യൻ സാഹചര്യങ്ങളില്‍ മികവ് കാട്ടാനാകുമെന്ന് അവർ തെളിയിച്ചതാണെന്നും ഗില്‍ പറഞ്ഞു.
മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലെടുക്കാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യൻ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. രഞ്ജി ട്രോഫി സീണില്‍ മൂന്ന് മത്സരങ്ങളില്‍ ബംഗാളിനായി കളിച്ച ഷമി ആദ്യ രണ്ട് മത്സരങ്ങലില്‍ 15 വിക്കറ്റെടുത്തിരുന്നു. ഒരു മത്സരത്തില്‍ കളിയിലെ താരവുമായി. ബംഗാളിന്റെ നാലാം മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല.


