പട്ന: രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ്. ഒരു സമുദായത്തെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പ് പറയാൻ അദ്ദേഹം വിസമ്മതിച്ചു. യുപിഎ ഭരണകാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അദാനിയെ ബി.ജെ.പി പ്രതിരോധിക്കുന്നില്ല. നുണ പറയുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് രാഹുലിന്റെ ശീലമാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ തെറ്റായ പ്രസ്താവനകൾ നടത്താൻ ശ്രമിച്ചു. വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019ലെ പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ശിക്ഷിക്കപ്പെട്ടത്. വിവേകത്തോടെയാണ് താൻ സംസാരിക്കുന്നതെന്ന് ഇന്ന് അദ്ദേഹം പറഞ്ഞു. അതായത്, 2019 ൽ രാഹുൽ സംസാരിച്ചതും വിവേകത്തോടെ തന്നെയാണ്,” അദ്ദേഹം കൂട്ടിചേർത്തു.