ഒരു കുടുംബത്തിലെ പല അംഗങ്ങൾക്ക് പല നിയമമാണെങ്കിൽ ആ കുടുംബം എങ്ങനെ മുന്നോട്ട് പോകും? ഒരു രാജ്യത്ത് പല നിയമങ്ങൾ എങ്ങനെ അനുവദിക്കാനാവും?”- ചോദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ.പിയുടെ കേവലം ഒരു ബൂത്തുതല പരിപാടിയിൽ പങ്കെടുത്ത് മോദി ഉയർത്തിയ ഈ ചോദ്യം രാജ്യവ്യാപകമായ ചർച്ചയ്ക്ക് വിത്തുപാകി. ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തിലേക്ക് വഴിതുറന്ന വാദഗതിയാണ് തീർത്തും നിരുപദ്രവകരമെന്ന നിലയിൽ പ്രധാനമന്ത്രി അവതരിപ്പിച്ചുകളഞ്ഞത്. മദ്ധ്യപ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി കാലേകൂട്ടി തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മദ്ധ്യപ്രദേശിലേക്ക് തുടരെത്തുടരെ എത്തുന്നത്. ഭോപ്പാലിൽനിന്ന് ഇൻഡോറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗോഫിന് ശേഷമാണ് മോദി ഏകീകൃത സിവിൽകോഡിനെപ്പറ്റി പറഞ്ഞത്. ഒരാഴ്ച തികയും മുമ്പേ അദ്ദേഹം വീണ്ടുമെത്തി. ആദിവാസി ഭൂരിപക്ഷപ്രദേശമായ ശാഹ്ദോളിൽ പൊതുറാലിയിൽ പങ്കെടുത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കെതിരെ ആഞ്ഞടിച്ചു. മഹാകൗശൽ മേഖലയിൽപ്പെട്ട സ്ഥലമാണ് ശാഹ്ദോൾ. കോൺഗ്രസിന് മേൽകൈയുള്ള മേഖല. മഹാകൗശലിന്റെ ഭാഗമായ ജബൽപ്പൂരിലെത്തിയാണല്ലോ പ്രിയങ്ക ഗാന്ധി അടുത്തിടെ ജനപ്രിയവാഗ്ദാനങ്ങൾ നൽകിയത്.
എന്തുവില കൊടുത്തും മദ്ധ്യപ്രദേശും രാജസ്ഥാനും പിടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് പ്രധാനമന്ത്രി തന്നെ മുൻകൈയെടുക്കുന്നതിന്റെ സൂചനയാണ് ഏകീകൃത സിവിൽകോഡ് വിഷയമടക്കം എടുത്തുള്ള കരുനീക്കങ്ങൾ. പിന്നാലെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇരുതലമൂർച്ചയുള്ള വജ്രായുധമാണ് ഏകീകൃത സിവിൽകോഡ്. എന്നാൽ ഏകീകൃത സിവിൽ കോഡ് എന്ന ആശയം പ്രാവർത്തികമാക്കുക ഇന്ത്യ പോലെ വൈവിദ്ധ്യങ്ങളുടെ കലവറയായ ഭൂമികയിൽ എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായറിയാം മോദിയ്ക്കും ബി.ജെ.പിക്കും. 2018ൽ മോദിയുടെ തന്നെ ഒന്നാം സർക്കാർ നിയോഗിച്ച നിയമകമ്മിഷൻ നിർദ്ദേശിച്ചത് ഏകീകൃത സിവിൽ കോഡ് ഇപ്പോൾ നടപ്പാക്കേണ്ടതില്ല എന്നാണ്. എന്നിട്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈയടുത്തായി ഏകീകൃത സിവിൽകോഡിനായി തീവ്രമായി രംഗത്തിറങ്ങുകയാണ്. ഉത്തരാഖണ്ഡിലെ സർക്കാർ അത് നടപ്പാക്കാനുള്ള കരട് ബിൽ തയാറാക്കിയതായാണ് വിവരം. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് അറിയുന്നു.
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിഗത വിഷയങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും മതവിശ്വാസങ്ങൾക്കും ചട്ടക്കൂടുകൾക്കും ഉപരിയായി ഏകീകൃതമായി ബാധകമാകുന്ന നിയമസംഹിതയാണ് ഏകീകൃത സിവിൽ കോഡിലൂടെ ഉദ്ദേശിക്കുന്നത്. മുസ്ലിം സമൂഹത്തിലടക്കം സ്ത്രീകൾ കാലങ്ങളായി അടിച്ചമർത്തപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ഒരുവശത്ത്. അതിനെതിരെ ആ സമുദായത്തിനകത്ത് നിന്നുതന്നെ സ്ത്രീകളുടെ പരിഷ്കരണപ്രസ്ഥാനങ്ങൾ ചെറിയ തോതിലെങ്കിലും രൂപപ്പെട്ടുവരുന്നു എന്നതും യാഥാർത്ഥ്യമാണ്.ബി.ജെ.പി ഇതിനായി തീവ്രമായി രംഗത്തിറങ്ങുന്നത് തീർത്തും നിഷ്കളങ്കമായിട്ടാണെന്ന് കരുതുക പ്രയാസം. മുസ്ലിം സമുദായത്തിൽ പരിഷ്കരണത്തിന്റെ വിത്തുപാകി, അവിടെയുള്ള സ്ത്രീകളെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന ആത്മാർത്ഥ ആഗ്രഹത്തോടെ ബി.ജെ.പി ഇറങ്ങിപ്പുറപ്പെട്ടെന്ന് കരുതുന്നതിൽ രാഷ്ട്രീയശരികേട് നന്നായുണ്ട്. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ‘സ്വഭാവ വൈശിഷ്ട്യങ്ങൾ’ തന്നെയാണ്, അവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയനിഴലിൽ നിറുത്തുന്നത്.
ഏകീകൃത സിവിൽ കോഡിന്റെ രാഷ്ട്രീയ ചർച്ചകൾ കേന്ദ്രീകരിക്കപ്പെടുന്നത് മുസ്ലിം സമൂഹത്തിലേക്കാണ്. ആദിവാസി, ഗോത്ര വിഭാഗങ്ങളിലടക്കം വ്യക്തിനിയമങ്ങൾ പലതരത്തിൽ വ്യത്യാസപ്പെട്ടുകിടപ്പാണ്. ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്തിന് ആന്ധ്രയും നമ്മുടെ കേരളം പോലും ആദിവാസിഗോത്ര വിഭാഗങ്ങളുടെ ആചാരരീതികൾ സങ്കീർണമായ വൈജാത്യങ്ങളുള്ളവയാണ്. വിവിധ ജാതി, മതവിഭാഗങ്ങൾ വൈവിദ്ധ്യമാർന്ന ജീവിതരീതികളിലൂടെത്തന്നെ യോജിച്ച് നീങ്ങുന്ന രാജ്യമാണ് ഇന്ത്യ. അവിടെ പെട്ടെന്നൊരു നിയമനിർമാണത്തിലൂടെ ഒരു ഏകസംസ്കാരം അടിച്ചേല്പിക്കുന്ന പ്രവണത തീരെ ആശാസ്യമോ നിഷ്കളങ്കമോ അല്ല.