
ദില്ലി: അണ്ടര്‍ 19 ഏഷ്യാ കപ്പിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിലും വെടിക്കെട്ട് സെഞ്ചുറി നേടിയ പതിനാലുകാരന് വൈഭവ് സൂര്യവന്‍ഷിയുടെ പ്രകടനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പതിനാലാം വയസില്‍ ഇതിന് മുമ്പ് ഇത്തരമൊരു അസാധാരണ പ്രതിഭയായിരുന്ന ആളുടെ പേര് സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നാണ്. അദ്ദേഹം പിന്നീട് എന്തായെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇനിയും നമ്മള് എന്തിനാണ് അവനെ ഇന്ത്യക്കായി കളിപ്പിക്കാനായി കാത്തിരിക്കുന്നത് എന്നായിരുന്നു ശശി തരൂര്‍ എക്സ് പോസ്റ്റില്‍ ചോദിച്ചത്.
ഇന്നലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്പ്രേദേശിനെതിരെ വൈഭവ് 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. പിന്നാലെ 54 പന്തില്‍ 150 റണ്‍സ് തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റണ്‍സെന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കി. ഡബിള്‍ സെഞ്ചുറിക്ക് അരികെ 84 പന്തില്‍ 190 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡും വൈഭവ് ഇന്നലെ സ്വന്തമാക്കി. 1986ല്‍ 15 വയസും 209 ദിവസവും പ്രായമുള്ളപ്പോള്‍ റെയില്‍വേസിനായി സെഞ്ചുറി നേടിയ സഹൂര്‍ ഇലാഹിയുടെ റെക്കോര്‍ഡാണ് 14 വയസും 272 ദിവസവും പ്രായമുള്ള വൈഭവ് ഇന്നലെ മറികടന്നത്.


