മനാമ: മനാമയിൽ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് തുറക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ബഹ്റൈനിൽ എത്തി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് സ്വാഗതം ചെയ്തു.
നിലവിലെ ആഗോള പാൻഡെമിക് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ സന്ദർശനം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് പറഞ്ഞു. മനാമയിൽ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ബഹ്റൈൻ സർക്കാരും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പ്രവർത്തന ബന്ധം വികസിപ്പിക്കാൻ സാധിക്കും. ഇതിലൂടെ അധികാരികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിടാനും സാധിക്കുമെന്ന് അവർ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശത്തിനായാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ രാജ്യത്ത് എത്തിയിരിക്കുന്നത്. ജൂലൈ 26 നാണ് ലോകാരോഗ്യ സംഘടനയുടെ മനാമയിലെ ഓഫീസ് ഉദ്ഘാടനം ചെയ്യുക. ലോകാരോഗ്യസംഘടനയുടെ 152-ാമത്തെ ഓഫീസാണ് മനാമയിൽ തുറക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി ബഹ്റൈനിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആതിഥ്യമരുളിയതിന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും സർക്കാരിനും ബഹ്റൈൻ ജനതയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

2 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ബഹ്റൈനിന് കഴിഞ്ഞു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരും. ഇന്ന് ബഹ്റൈന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിശോധനാ കേന്ദ്രങ്ങൾ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് സന്ദർശിച്ചു. ബഹ്റൈന്റെ പ്രതിരോധ കുത്തിവയ്പ്പ് വിജയത്തെക്കുറിച്ചും വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ഓഫീസ് ആരംഭിച്ചതിന് ശേഷം നാളെ നാളെ തിങ്കളാഴ്ച ടാസ്ക്ഫോഴ്സ് വിളിച്ചു ചേർക്കുന്ന പത്ര സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
