ന്യുഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന് ഒടുവില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാര്‍ശ ചെയ്തു.
പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിതിയായ കോവാക്സിന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്സിന് എടുത്തവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.
നിലവില്‍ വിദേശത്തേക്ക് പോകുന്നവര്‍ ഓക്സ്ഫഡ് സര്‍വലാശാല ഉത്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന് പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് കോവാക്സിനുള്ള അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.